ഇഞ്ഞി: പഞ്ചായത്തിന്റെ ഉടമസ്ഥതയിൽ മുത്തോലപുരം പള്ളിക്കു സമീപം സംസ്ഥാനപാതയോട് ചേർന്നു സ്ഥിതി ചെയ്യുന്ന കെട്ടിടം അധികൃതരുടെ സംരക്ഷണമില്ലാതെ നാശത്തിന്റെ വക്കിലായി. ലക്ഷങ്ങൾ മുടക്കി വർഷങ്ങൾക്കു മുൻപ് കൃഷിവകുപ്പിന്റെ വിവിധ ആവശ്യങ്ങൾക്കായി നിർമിച്ച ഈ കെട്ടിടം ഉദ്ഘാടനം കഴിഞ്ഞ് ഏതാനും നാളുകൾ മാത്രമാണ് പ്രവർത്തിച്ചത്. പിന്നീട് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ കടുത്ത അനാസ്ഥയെത്തുടർന്ന് കെട്ടിടം പൂർണമായും ഉപേക്ഷിക്കപ്പെട്ട നിലയിലാവുകയായിരുന്നു.
നിലവിൽ കാടുകയറി മൂടിയ കെട്ടിടത്തിൽ വിഷപ്പാമ്പുകൾ ഉൾപ്പെടെയുള്ള ഇഴജന്തുക്കളുടെ ശല്യം രൂക്ഷമാണ്. പ്രധാന റോഡിലൂടെ പോകുന്ന കാൽനടയാത്രക്കാർക്കും സമീപവാസികൾക്കും ഇത് വലിയ സുരക്ഷാ ഭീഷണിയാകുന്നുണ്ട്. ഇതിനുപുറമെ, സന്ധ്യ മയങ്ങിയാൽ ലഹരി ഉപയോഗം ഉൾപ്പെടെയുള്ള സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾക്കായി ആളുകൾ ഇവിടെ തമ്പടിക്കുന്നതും പതിവായിരിക്കുകയാണ്. മേൽക്കൂരയും വാതിലുകളും തകർന്ന് ഏതുനിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ്.
യാത്രാതിരക്കുള്ള സംസ്ഥാനപാതയോരത്ത് സ്ഥിതി ചെയ്യുന്ന ഈ കെട്ടിടത്തിന്റെ പരിസരത്തെ കാടുകൾ അടിയന്തരമായി വെട്ടിത്തെളിച്ച് നവീകരിക്കണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം. പഞ്ചായത്തിന് വരുമാനം ലഭിക്കുന്ന രീതിയിലോ കുടുംബശ്രീ യൂണിറ്റുകൾ, വായനശാല, അല്ലെങ്കിൽ മറ്റ് ജനസേവന ആവശ്യങ്ങൾക്കോ ആയി കെട്ടിടം പുനരുപയോഗിക്കാൻ ഭരണസമിതി അടിയന്തര നടപടി സ്വീകരിക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.